2011, മേയ് 24, ചൊവ്വാഴ്ച

നീണ്ട ഒരിടവേളക്ക് ശേഷം ബൂലോകത്തേക്ക് വീണ്ടും... പ്രിയ സുഹൃത്ത്‌ നാളേറെയായി പറയുന്നു പരാതി- " വെറുതെ ഇരുന്നു സമയം കൊല്ലുന്ന നേരത്ത് നാലക്ഷരം എഴുതിക്കൂടെ സഖാവെ.."- തീര്‍പ്പാക്കാന്‍ തീരുമാനിച്ചു.. നാലക്ഷരം എഴുതി ബാക്കിയുള്ള നേരം കൊന്നാല്‍ മതി ഇനി.. ;)

2009, നവംബർ 8, ഞായറാഴ്‌ച

കഥകളുടെ സാഗരം


ഇന്നലെ ഞായറാഴ്ച...മലയാള സിനിമയിലെ പുതിയോരധ്യായമായി കേട്ട 'കേരള കഫെ' കാണണം എന്ന് ഒരാഗ്രഹം.തുലാവര്‍ഷത്തിന്റെ ആരംഭമല്ലേ..നിറഞ്ഞു പെയ്യുന്ന മഴയത്താണ് തിയേറ്ററില്‍ എത്തിയത്..പുറത്തൊന്നും ആരെയും കണ്ടില്ല.ആ.. മഴയല്ലേ.

അകത്തു കടന്നപ്പോഴാണ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയത്.
ഞങ്ങള്‍ നാലുപെരോഴികെ ഒറ്റ മനുഷ്യനില്ല!
ഷോ തുടങ്ങാനിനിയും പത്തിരുപതു മിനിട്ടുണ്ടെന്നു സമാധാനിച്ചു.
പക്ഷെ ആ സമയത്തിനുള്ളിലും അധികമാരും വന്നില്ല.ഒടുവില്‍ ടിക്കറ്റ്‌ വില്പ്പനക്കാരനടക്കം പതിമൂന്നു പേരുമായി സിനിമ തുടങ്ങി..ജീവിതത്തിലാദ്യമായാണ് ഇങ്ങനെയൊരു അനുഭവം!

പത്തു വ്യത്യസ്തമായ കഥകള്‍..ഓരോന്നും അത്യന്തം ജീവിതഗന്ധിയായവ.
രേവതിയുടെ 'മകളും' അന്‍വര്‍ റഷീദിന്റെ 'ബ്രിട്ജും' മനസിനെ വല്ലാതെ സ്പര്‍ശിച്ചു.
രണ്ടര മണിക്കൂറുള്ള ഒരു സിനിമ കണ്ടാലും തോന്നാത്ത സംത്രിപ്തിയുണ്ടായിരുന്നു ഏതാനും മിനിട്ടുകള്‍ മാത്രമുള്ള ആ ചെറു ചിത്രങ്ങള്‍ കണ്ടപ്പോള്‍.
അത്ഭുതം തോന്നി...അതിനൊപ്പം നിരാശയും.മലയാളിയുടെ സിനിമ ആസ്വാദനത്തെ കുറിച്ച് ഓര്‍ത്തപ്പോള്‍. കുറെ കോമഡിയും മിമിക്രിയും സ്റ്റണ്ടും സെന്റിമെന്‍സും ചേര്‍ത്ത് വച്ചു ഒരു പേരുമിട്ടു തീയേറ്ററില്‍ ഇറക്കിയാലും കാണാന്‍ ആളുണ്ട്.പക്ഷെ നല്ല കഥകളുടെ തനിമയുള്ള ആവിഷ്കാരങ്ങളുടെ ഗതി ഇതും!

ഒരു വര്‍ഷത്തിനിടയില്‍ ഞാനവിടെ നിന്നു കാണുന്ന മൂന്നാമത്തെയോ നാലാമത്തെയോ സിനിമ ആണിത്..പക്ഷെ നിറഞ്ഞ തിയേറ്ററില്‍ നിന്നു ഇറങ്ങുമ്പോള്‍ അധികവും മനസ് ശൂന്യമായിരുന്നു..
ഇത്തവണ ഒഴിഞ്ഞ തിയേറ്ററില്‍ നിന്നു ഇറങ്ങുമ്പോള്‍ മനസ്സില്‍ നിറയെ ഉണ്ടായിരുന്നു; ഒരു പാടു മുഖങ്ങള്‍,വാക്കുകള്‍,ജീവിതങ്ങള്‍..

പ്രിയപ്പെട്ട മലയാളീ... നല്ല സിനിമകള്‍ വരാത്തതിനെക്കുറിച്ച് അരിശപ്പെടുമ്പോഴും പോയ വസന്തങ്ങളെക്കുറിച്ച് ഗദ്ഗദപ്പെടുമ്പോഴും ഓര്‍ക്കുക..
നല്ല സിനിമകളോട് നമ്മളെപ്പോഴും നീതി കാട്ടിയിട്ടുണ്ടോ?

2009, ഒക്‌ടോബർ 13, ചൊവ്വാഴ്ച

വാഴ്ത്തപ്പെട്ടവര്‍

ഒട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്..
മഹാരാജാവിന്റെ കൊട്ടാരം.
അലങ്കാര വിളക്കുകളുടെ വെള്ളിവെളിച്ചം.മുത്തും രത്നങ്ങളും പതിച്ച ചുവരുകള്‍.
ഒരു തലക്കല്‍ കൂറ്റനൊരു കനകസിംഹാസനം.
അതിലങ്ങനെ നീണ്ടു നിവര്‍ന്നിരിക്കുകയാണ് നമ്മുടെ രാജാധിരാജന്‍.
ഇരു വശത്തുമുള്ള പ്രൌഡഗംഭീരമായ ഇരിപ്പിടങ്ങളില്‍ പ്രമുഖര്‍.
ആഹാ! ഭേഷ്..
"നാം പ്രമാദമായ പള്ളിക്കേസ് ജയിച്ച ദിവസമാണിന്ന്!
നമുക്കിതോന്നാഘോഷിക്കണം.
ആരവിടെ!..രാജ്യത്താകമാനം വിദേശമദ്യം ഒഴുകട്ടെ.
കൊട്ടാരം നര്‍ത്തകിമാരുടെ പെര്‍ഫോര്‍മന്‍സ് റൌണ്ട് ഉടന്‍ തുടങ്ങട്ടെ."

പെട്ടെന്ന് തെക്കേ മൂലയിലുള്ള വാതില്‍ക്കല്‍ നിന്നു ഒരു ദീനരോദനം.
"അങ്ങുന്നെ.."

"ആരിത് കോരനൊ? വരിക വരിക..ആരവിടെ! കോരന് ഇരിക്കാന്‍ ഇരിപ്പിടം കൊടുക്കു"

"അങ്ങുന്നെ..ഇരിക്കാനുള്ള സാവകാശമില്ല. അടിയന്റെ കെട്ടിയവള്‍ നങ്ങേലി കിണറ്റില്‍ വീണു!"

"അറിഞ്ഞതില്‍ നാം അതിയായ ദുഃഖം രേഖപ്പെടുത്തുന്നു.ആരവിടെ!തളര്‍ന്നിരിക്കുന്ന കോരന് കുടിക്കാന്‍ ലൈംജ്യൂസ്‌ കൊടുക്കു"

"അതല്ലങ്ങുന്നെ.നിലയില്ലാത്ത വെള്ളമാണ്.ഉടന്‍ വേണ്ടത് ചെയ്യണം"

"അങ്ങനെയോ?താന്‍ വിഷമിക്കതെടോ. ഈ പ്രശ്നം പഠിക്കാന്‍ നാം ഇന്നു തന്നെ ഒരു നാലംഗ സമിതിയെ നിയമിക്കും.അഞ്ചു വര്‍ഷം പഠനം നടത്തി സമിതി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും.
റിപ്പോര്‍ട്ടിന് അനുസരിച്ച് വേണ്ട നടപടികള്‍ ഉടന്‍ നടപ്പാക്കും.
എന്താ സന്തോഷമായില്ലേ?"

ഞെട്ടിത്തരിച്ചു നില്‍കുന്ന കോരനെ തള്ളിമാറ്റി രംഗപ്രവേശനം ചെയ്ത അണികള്‍ അലറി..
"മഹാരാജാവ് നീണാള്‍ വാഴട്ടെ"!!

2009, ഒക്‌ടോബർ 8, വ്യാഴാഴ്‌ച

.മഴ



വഴി തെറ്റി വന്നൊരു മഴ പുറത്തു തിമര്‍ത്തു പെയ്യുന്നുണ്ട്..
ഇനി ഇതുകൊണ്ട് വല്ല റോഡോ തോടോ നിറഞ്ഞാല്‍ പിന്നെ സമരമായി,പ്രക്ഷൊഭമായി..
പാവം മഴ. ഇതു വല്ലതും അറിയുന്നുണ്ടോ?
മുറ്റത്ത്‌ നില്‍കുന്ന മരത്തില്‍ നിറയെ കടും റോസ് നിറത്തില്‍ പൂക്കള്‍..
അണ്ണാരക്കണ്ണ്ന്മാരുടെം പൂക്കള്‍ പെറുക്കാന്‍ വരുന്ന കുട്ടികളുടെയും കലപിലകള്‍.
മുറ്റത്ത്‌ ഒരു പരവതാനി വിരിച്ച പോലെ.
നല്ല നിലാവുള്ളപ്പോള്‍ ആ മരത്തിന്റെ ഇലകള്‍ക്ക് ഒരു പ്രത്യേക തിളക്കമാണ്..
ചെറുപ്പത്തില്‍ രാത്രി ജനലിലൂടെ ആ മരം കാണുമ്പോള്‍ പേടിയായിരുന്നു.
അതിനെക്കുറിച്ച് കഥകള്‍ പലതും കേട്ടിട്ടുമുണ്ടായിരുന്നു.
തോടിലൂടെ കുത്തിയൊലിച്ചു പോകുന്ന വെള്ളത്തിന്‌ മണ്ണിന്റെ മണം.
അവിടവിടെ കൊച്ചു പരല്‍മീനുകള്‍..
പാടത്ത് നിറയെ വെള്ളം..കായല്‍ പോലെയുണ്ട് കാണുമ്പോള്‍.
പക്ഷെ തവളകളെയും കൊറ്റികളെയും ഒന്നും കാണുന്നില്ല.
ക്ലാസ്സ് തുടങ്ങാന്‍ ഇനി ഏറിയാല്‍ ഒരു മാസം കൂടി.
പക്ഷെ എവിടെ പോയാലും മനസ്സു ഇവിടെയൊക്കെ തന്നെയാകും.
ഈ തൊടിയിലും പാടത്തും പുഴവക്കിലുമൊക്കെ!

2009, സെപ്റ്റംബർ 22, ചൊവ്വാഴ്ച

ഈ ഒരു രൂപയുടെ ഒരു കാര്യം!

മാതൃഭുമി ആഴ്ചപ്പതിപ്പിലെ പ്രണയഋതുക്കളിലൂടെ കണ്ണോടിച്ചു കൊണ്ടിരിക്കുമ്പോഴാണ് പുറത്തുനിന്നും നീട്ടിയൊരു വിളി ...
പിച്ചക്കാരനാണ്.
വാതില്‍ തുറന്നു അയാളെ നോക്കി ചെറുതായൊന്ന് ചിരിച്ചു ഒരു രൂപാ നാണയം കയ്യില്‍ വച്ചു കൊടുത്തു.
ഒരു രൂപയിലേക്കും എന്റെ മുഖത്തേക്കും മാറി മാറി നോക്കി തെല്ലൊരു അമര്‍ഷത്തോടെ അയാള്‍ പടികടന്നു പോയി!
ഹും... ഞാനിവിടെ ഇല്ലാതിരുന്ന ഒരു വര്‍ഷം കൊണ്ടു ഒരു രൂപയുടെ മൂല്യം ഇത്രക്ക് കുറഞ്ഞോ???

വീണ്ടും പ്രണയഋതുക്കളിലേക്ക് തിരിഞ്ഞു..വായന അങ്ങനെ രസം പിടിച്ചു വരുമ്പോള്‍ വീണ്ടും ഗേറ്റ് തുറക്കുന്ന ശബ്ദം .
അച്ഛനും കൂടെയാ പിച്ചക്കാരനും!
"വീടിന്റെ പുറകിലുള്ള ആ പൊട്ടിയ പൈപ്പ് ശരിയാക്കാന്‍ വന്നതാണ്‌ കേശു.
ആരെയും കാണാതിരുന്നതോണ്ട് തിരിച്ചു പോവാരുന്നു ..എന്തെ നീ ഉറങ്ങാരുന്നോ?"

അയാളുടെ മുഖത്തേക്ക് ഒന്നു നോക്കണംന്നു ഉണ്ടായിരുന്നു.പക്ഷെ.........

2009, സെപ്റ്റംബർ 21, തിങ്കളാഴ്‌ച

അവധിക്കാലം

വീണ്ടുമൊരു അവധിക്കാലം കൂടി....
വിരസമായ എം.ബി.ബി.എസ് ജീവിതത്തിനിടയില്‍ ആദ്യമായി കിട്ടിയ അവധി ...
പക്ഷെ പ്രതീക്ഷിച്ച പോലെ വല്യ രസമൊന്നും തോനുന്നില്ല.
പണ്ടൊക്കെ വേനലവധി തീരാനാകുമ്പോള്‍ മനസിലൊരു വിങ്ങലാണ്..
തൊടിയിലും പാടത്തും നടന്നു വെയിലും മഴയും കൊണ്ടു ആളെ തിരിച്ചറിയാത്ത വിധമായിട്ടുണ്ടാകും.
അതിന് അമ്മയുടെ വക കുറേ വഴക്കും കേള്‍ക്കും..
എന്നാലും അതിനൊക്കെ ഒരു പ്രത്യേക സുഖമുണ്ടായിരുന്നു ..പക്ഷെ ഇപ്പോള്‍...
കമ്പ്യൂട്ടറും ടി.വി.യും മൊബൈല്‍ ഫോണും ജീവിതത്തിലേക്ക് കടന്നു വന്നപ്പോള്‍ നഷ്ടമാകുന്നത് ഗ്രിഹാതുരമായ ആ അനുഭവങ്ങളാണ് ..
മാറ്റം അനുവാര്യമാണെന്നു കരുതി നമുക്കാശ്വസിക്കാം ..ഹും..
അതുകൊണ്ട് ഈ അവധികാലത്ത് ഒരു ബ്ലോഗ് അങ്ങ് തുടങ്ങിക്കളയാം എന്ന് വിചാരിച്ചു..
ഇനി ഒരു മൂന്ന് മാസമെങ്കിലും ഞാന്‍ ഇവിടെയൊക്കെ തന്നെ ഉണ്ടാകും..സൂക്ഷിച്ചോ!!