2009, നവംബർ 8, ഞായറാഴ്‌ച

കഥകളുടെ സാഗരം


ഇന്നലെ ഞായറാഴ്ച...മലയാള സിനിമയിലെ പുതിയോരധ്യായമായി കേട്ട 'കേരള കഫെ' കാണണം എന്ന് ഒരാഗ്രഹം.തുലാവര്‍ഷത്തിന്റെ ആരംഭമല്ലേ..നിറഞ്ഞു പെയ്യുന്ന മഴയത്താണ് തിയേറ്ററില്‍ എത്തിയത്..പുറത്തൊന്നും ആരെയും കണ്ടില്ല.ആ.. മഴയല്ലേ.

അകത്തു കടന്നപ്പോഴാണ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയത്.
ഞങ്ങള്‍ നാലുപെരോഴികെ ഒറ്റ മനുഷ്യനില്ല!
ഷോ തുടങ്ങാനിനിയും പത്തിരുപതു മിനിട്ടുണ്ടെന്നു സമാധാനിച്ചു.
പക്ഷെ ആ സമയത്തിനുള്ളിലും അധികമാരും വന്നില്ല.ഒടുവില്‍ ടിക്കറ്റ്‌ വില്പ്പനക്കാരനടക്കം പതിമൂന്നു പേരുമായി സിനിമ തുടങ്ങി..ജീവിതത്തിലാദ്യമായാണ് ഇങ്ങനെയൊരു അനുഭവം!

പത്തു വ്യത്യസ്തമായ കഥകള്‍..ഓരോന്നും അത്യന്തം ജീവിതഗന്ധിയായവ.
രേവതിയുടെ 'മകളും' അന്‍വര്‍ റഷീദിന്റെ 'ബ്രിട്ജും' മനസിനെ വല്ലാതെ സ്പര്‍ശിച്ചു.
രണ്ടര മണിക്കൂറുള്ള ഒരു സിനിമ കണ്ടാലും തോന്നാത്ത സംത്രിപ്തിയുണ്ടായിരുന്നു ഏതാനും മിനിട്ടുകള്‍ മാത്രമുള്ള ആ ചെറു ചിത്രങ്ങള്‍ കണ്ടപ്പോള്‍.
അത്ഭുതം തോന്നി...അതിനൊപ്പം നിരാശയും.മലയാളിയുടെ സിനിമ ആസ്വാദനത്തെ കുറിച്ച് ഓര്‍ത്തപ്പോള്‍. കുറെ കോമഡിയും മിമിക്രിയും സ്റ്റണ്ടും സെന്റിമെന്‍സും ചേര്‍ത്ത് വച്ചു ഒരു പേരുമിട്ടു തീയേറ്ററില്‍ ഇറക്കിയാലും കാണാന്‍ ആളുണ്ട്.പക്ഷെ നല്ല കഥകളുടെ തനിമയുള്ള ആവിഷ്കാരങ്ങളുടെ ഗതി ഇതും!

ഒരു വര്‍ഷത്തിനിടയില്‍ ഞാനവിടെ നിന്നു കാണുന്ന മൂന്നാമത്തെയോ നാലാമത്തെയോ സിനിമ ആണിത്..പക്ഷെ നിറഞ്ഞ തിയേറ്ററില്‍ നിന്നു ഇറങ്ങുമ്പോള്‍ അധികവും മനസ് ശൂന്യമായിരുന്നു..
ഇത്തവണ ഒഴിഞ്ഞ തിയേറ്ററില്‍ നിന്നു ഇറങ്ങുമ്പോള്‍ മനസ്സില്‍ നിറയെ ഉണ്ടായിരുന്നു; ഒരു പാടു മുഖങ്ങള്‍,വാക്കുകള്‍,ജീവിതങ്ങള്‍..

പ്രിയപ്പെട്ട മലയാളീ... നല്ല സിനിമകള്‍ വരാത്തതിനെക്കുറിച്ച് അരിശപ്പെടുമ്പോഴും പോയ വസന്തങ്ങളെക്കുറിച്ച് ഗദ്ഗദപ്പെടുമ്പോഴും ഓര്‍ക്കുക..
നല്ല സിനിമകളോട് നമ്മളെപ്പോഴും നീതി കാട്ടിയിട്ടുണ്ടോ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ