2009, ഒക്‌ടോബർ 13, ചൊവ്വാഴ്ച

വാഴ്ത്തപ്പെട്ടവര്‍

ഒട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്..
മഹാരാജാവിന്റെ കൊട്ടാരം.
അലങ്കാര വിളക്കുകളുടെ വെള്ളിവെളിച്ചം.മുത്തും രത്നങ്ങളും പതിച്ച ചുവരുകള്‍.
ഒരു തലക്കല്‍ കൂറ്റനൊരു കനകസിംഹാസനം.
അതിലങ്ങനെ നീണ്ടു നിവര്‍ന്നിരിക്കുകയാണ് നമ്മുടെ രാജാധിരാജന്‍.
ഇരു വശത്തുമുള്ള പ്രൌഡഗംഭീരമായ ഇരിപ്പിടങ്ങളില്‍ പ്രമുഖര്‍.
ആഹാ! ഭേഷ്..
"നാം പ്രമാദമായ പള്ളിക്കേസ് ജയിച്ച ദിവസമാണിന്ന്!
നമുക്കിതോന്നാഘോഷിക്കണം.
ആരവിടെ!..രാജ്യത്താകമാനം വിദേശമദ്യം ഒഴുകട്ടെ.
കൊട്ടാരം നര്‍ത്തകിമാരുടെ പെര്‍ഫോര്‍മന്‍സ് റൌണ്ട് ഉടന്‍ തുടങ്ങട്ടെ."

പെട്ടെന്ന് തെക്കേ മൂലയിലുള്ള വാതില്‍ക്കല്‍ നിന്നു ഒരു ദീനരോദനം.
"അങ്ങുന്നെ.."

"ആരിത് കോരനൊ? വരിക വരിക..ആരവിടെ! കോരന് ഇരിക്കാന്‍ ഇരിപ്പിടം കൊടുക്കു"

"അങ്ങുന്നെ..ഇരിക്കാനുള്ള സാവകാശമില്ല. അടിയന്റെ കെട്ടിയവള്‍ നങ്ങേലി കിണറ്റില്‍ വീണു!"

"അറിഞ്ഞതില്‍ നാം അതിയായ ദുഃഖം രേഖപ്പെടുത്തുന്നു.ആരവിടെ!തളര്‍ന്നിരിക്കുന്ന കോരന് കുടിക്കാന്‍ ലൈംജ്യൂസ്‌ കൊടുക്കു"

"അതല്ലങ്ങുന്നെ.നിലയില്ലാത്ത വെള്ളമാണ്.ഉടന്‍ വേണ്ടത് ചെയ്യണം"

"അങ്ങനെയോ?താന്‍ വിഷമിക്കതെടോ. ഈ പ്രശ്നം പഠിക്കാന്‍ നാം ഇന്നു തന്നെ ഒരു നാലംഗ സമിതിയെ നിയമിക്കും.അഞ്ചു വര്‍ഷം പഠനം നടത്തി സമിതി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും.
റിപ്പോര്‍ട്ടിന് അനുസരിച്ച് വേണ്ട നടപടികള്‍ ഉടന്‍ നടപ്പാക്കും.
എന്താ സന്തോഷമായില്ലേ?"

ഞെട്ടിത്തരിച്ചു നില്‍കുന്ന കോരനെ തള്ളിമാറ്റി രംഗപ്രവേശനം ചെയ്ത അണികള്‍ അലറി..
"മഹാരാജാവ് നീണാള്‍ വാഴട്ടെ"!!

2009, ഒക്‌ടോബർ 8, വ്യാഴാഴ്‌ച

.മഴ



വഴി തെറ്റി വന്നൊരു മഴ പുറത്തു തിമര്‍ത്തു പെയ്യുന്നുണ്ട്..
ഇനി ഇതുകൊണ്ട് വല്ല റോഡോ തോടോ നിറഞ്ഞാല്‍ പിന്നെ സമരമായി,പ്രക്ഷൊഭമായി..
പാവം മഴ. ഇതു വല്ലതും അറിയുന്നുണ്ടോ?
മുറ്റത്ത്‌ നില്‍കുന്ന മരത്തില്‍ നിറയെ കടും റോസ് നിറത്തില്‍ പൂക്കള്‍..
അണ്ണാരക്കണ്ണ്ന്മാരുടെം പൂക്കള്‍ പെറുക്കാന്‍ വരുന്ന കുട്ടികളുടെയും കലപിലകള്‍.
മുറ്റത്ത്‌ ഒരു പരവതാനി വിരിച്ച പോലെ.
നല്ല നിലാവുള്ളപ്പോള്‍ ആ മരത്തിന്റെ ഇലകള്‍ക്ക് ഒരു പ്രത്യേക തിളക്കമാണ്..
ചെറുപ്പത്തില്‍ രാത്രി ജനലിലൂടെ ആ മരം കാണുമ്പോള്‍ പേടിയായിരുന്നു.
അതിനെക്കുറിച്ച് കഥകള്‍ പലതും കേട്ടിട്ടുമുണ്ടായിരുന്നു.
തോടിലൂടെ കുത്തിയൊലിച്ചു പോകുന്ന വെള്ളത്തിന്‌ മണ്ണിന്റെ മണം.
അവിടവിടെ കൊച്ചു പരല്‍മീനുകള്‍..
പാടത്ത് നിറയെ വെള്ളം..കായല്‍ പോലെയുണ്ട് കാണുമ്പോള്‍.
പക്ഷെ തവളകളെയും കൊറ്റികളെയും ഒന്നും കാണുന്നില്ല.
ക്ലാസ്സ് തുടങ്ങാന്‍ ഇനി ഏറിയാല്‍ ഒരു മാസം കൂടി.
പക്ഷെ എവിടെ പോയാലും മനസ്സു ഇവിടെയൊക്കെ തന്നെയാകും.
ഈ തൊടിയിലും പാടത്തും പുഴവക്കിലുമൊക്കെ!